കുമ്പനാട് സഭയും ബ്രദറൺ ഇംഗ്ലീഷ് മീഡിയം സ്കൂളും (BEM സ്കൂൾ) എന്ന വിഷയത്തിൽ "ചില" യാഥാർത്ഥ്യങ്ങൾ ദൈവജനത്തെ അറിയിക്കാനെന്ന പേരിൽ അർദ്ധസത്യങ്ങളും അസത്യങ്ങളും നിറഞ്ഞ ഒരു കത്ത് കാണുകയുണ്ടായി. എന്നാൽ യഥാർത്ഥ വസ്തുതകൾ ദൈവജനം അറിയണമെന്നു കരുതി ഈ കത്തു പ്രാർത്ഥനാപൂർവ്വം ദൈവജന സമക്ഷം സമർപ്പിക്കുന്നു.
പ്രിയ ദൈവമക്കളെ,
1899ൽ സ്ഥാപിതമായ കുമ്പനാട് സഭ ഇന്നും ഇവിടെ സാക്ഷ്യം നിലനിർത്തിപ്പോരുന്നു. സഭാകൂടിവരവുകൾക്കായി പിതാക്കന്മാർ വാങ്ങിച്ച സ്ഥലത്തായിരുന്നു (നിലവിൽ മെസ്സ്ഹാളിരിക്കുന്ന സ്ഥലം) ആദ്യ സഭാഹാൾ ഉണ്ടായിരുന്നത്. ഏതാനും വർഷങ്ങൾക്ക് ശേഷം മിഷ്യണറി E.H.നോയൽ കുമ്പനാട്ട് വരികയും സഭയോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന്, പഴയ സഭാഹാളിനോട് ചേർന്നുള്ള ഏകദേശം 6 ഏക്കറോളം സ്ഥലം വാങ്ങി ബംഗ്ലാവും(ഇപ്പോഴത്തെ നോയൽ ഗസ്റ്റ് ഹൗസ്) മലയാളം മീഡിയം സ്കൂളും സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ സ്ഥലംസഭയുടെ വളർച്ചക്കും, സമീപ പ്രദേശങ്ങളുടെ ഉന്നമനത്തിനും കാരണമായിത്തീർന്നു. പിന്നീട് ഈ സ്ഥലങ്ങൾ സ്ഥലം സഭയുടെ സഹകരണത്തോടെ ദൈവനാമ മഹത്വത്തിനായി ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സ്റ്റീവാർഡ് കമ്പനിക്കും തുടർന്ന് സ്റ്റീവാർഡ് അസ്സോസിയേഷനും(SAI) കൈമാറി. അതിന് ശേഷം പ്രസ്തുത സ്ഥലം (ഇപ്പോൾ BEM സ്കൂളിന്റെ കൈവശത്തിലുള്ളത്) ഇവാഞ്ചലിക്കൽ സഭക്ക് അവരുടെ ആസ്ഥാനം പണിയുന്നതിന് വേണ്ടി വിൽക്കുവാൻ SAI ഒരു ശ്രമം നടത്തിയിരുന്നു. കുമ്പനാട് സഭയിലെ പിതാക്കന്മാർ അന്ന് ആ നീക്കത്തെ എതിർത്ത് പ്രസ്തുത സ്ഥലം നമ്മുടെ കൈവശം തന്നെ നിലനിർത്തിയെന്നത് നന്ദിയോടെ സ്മരിക്കുന്നു. അങ്ങനെ കുമ്പനാട് സഭയുടെ കൈവശത്തിൽ ഈ വസ്തുവകകൾ മുഴുവനായി സംരക്ഷിച്ച് ആദായം എടുത്തു വന്നിരുന്നു. പിന്നീട് പുതിയ സഭാഹാൾ, മെസ്സ്ഹാൾ, BEM സ്കൂൾ, ബൈബിൾ സ്കൂൾ, സ്റ്റീവാർഡ് ഹൗസ് മുതലായവ പ്രസ്തുത കോമ്പൗണ്ടിൽ സ്ഥാപിതമായി. ഇപ്പോൾ KEM ഫണ്ട് ആസ്ഥാനമന്ദിരവും നിർമ്മാണത്തിലിരിക്കുന്നു.
BEM സ്കൂൾ ആരംഭിച്ചതിന്റെ പിൻപിലുണ്ടായിരുന്ന ഉദ്ദേശ്യം ഒന്നോർപ്പിച്ചു കൊള്ളട്ടെ. 1970-കളിൽ ഗൾഫ് പ്രദേശത്ത് ധാരാളം ജോലിസാദ്ധ്യതകളുണ്ടായി. വേർപെട്ട അനേക ദൈവമക്കൾ ഈ സാദ്ധ്യത പ്രയോജനപ്പെടുത്തി. അവരുടെ കുഞ്ഞുങ്ങളെ വിദ്യാഭ്യാസത്തിന്നായി നാട്ടിലുള്ള വിവിധ ബോർഡിംഗ് സ്കൂളുകളിൽ ചേർത്തു. വിദ്യാഭ്യാസത്തോടൊപ്പം കുരിശു വരക്കുവാനും, മെഴുകുതിരി കത്തിക്കുവാനും, പ്രാർത്ഥന ചൊല്ലുവാനും കുട്ടികൾ പഠിച്ചു. ഈ സാഹചര്യത്തിൽ ദൈവവചനം പഠിപ്പിക്കുന്ന സൺഡേസ്കൂൾ സൗകര്യം കൂടി ലഭ്യമാകും എന്നതിനാൽ കുമ്പനാട്ട് സ്കൂൾ തുടങ്ങുവാൻ തീരുമാനിച്ചു. അനേക ദൈവമക്കളുടെ പ്രാർത്ഥനയുടെയും പ്രയത്നത്തിന്റെയും ഫലമായിട്ടാണ് BEM സ്കൂൾ സ്ഥാപിതമായത്. കുമ്പനാട് സ്ഥലം സഭയുടെ പൂർണ്ണ സഹകരണം ഇതിനു പിന്നിൽ ഉണ്ടായിരുന്നു. മാത്രമല്ല, ഇതിനു പിന്നിൽ അഹോരാത്രം പ്രയത്നിച്ച സഹോദരങ്ങളിൽ പലരും കുമ്പനാട് സഭാംഗങ്ങളായിരുന്നു.
അങ്ങനെ കഴിഞ്ഞ കാലങ്ങളിൽ നമ്മുടെയിടയിലുള്ള പ്രസ്ഥാനങ്ങൾ സ്ഥലം സഭയോട് സഹകരിച്ചായിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. എന്നാൽ ദൗർഭാഗ്യകരം എന്നു പറയട്ടെ, കുറച്ചു നാളുകളായി വിവിധ സംഘടനകളിലും പ്രസ്ഥാനങ്ങളിലും കൂടി ഒരേ വ്യക്തികൾ കുമ്പനാട് സഭക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. BEM സ്കൂൾ മാനേജ്മെന്റിൽ മാത്രം ഒതുങ്ങുന്നതല്ല ഇത്. പുതിയ നേതാക്കന്മാരായ സഹോദരങ്ങൾ തങ്ങളുടെ അധികാരം കാണിക്കുന്നതിന് വേണ്ടി സ്ഥലം സഭയുടെ പ്രാധാന്യത്തെ അൽപം പോലും മനസ്സിലാക്കാതെ സഭക്കെതിരെ എന്തും ചെയ്യാമെന്ന ധാർഷ്ട്യത്തോടെയുള്ള ഈ പോക്ക് ബ്രദ്റൺ സമൂഹത്തിനു തന്നെ അപമാനമാണ്.
ചില വർഷങ്ങൾക്ക് മുൻപ് ഇവർ രൂപീകരിച്ച പുതിയ കേന്ദ്രീകൃത സംഘടനയോട് കുമ്പനാട് സഭ സഹകരിക്കാതിരുന്നപ്പോൾ സഭയോടുള്ള ഇവരുടെ എതിർപ്പിന് ആക്കം കൂടി. പ്രസ്തുത സംഘടനയുടെ ആശയങ്ങൾക്കെതിരായി യുവസഹോദരന്മാർ "തിരികെ സമുദായത്തിലേക്കോ?" എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിരുന്നു.
ചില സംഭവങ്ങൾ കൂടി ചുരുക്കത്തിൽ പ്രസ്താവിക്കട്ടെ.
- കുമ്പനാട് സഭാഹാൾ പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം അസഹനീയമായതിനെത്തുടർന്ന് സഭ ഗേറ്റുകൾ സ്ഥാപിച്ച് സംരക്ഷിച്ചപ്പോൾ, "കൺവൻഷൻ കമ്മറ്റിയോട് അനുവാദം വാങ്ങിച്ചിട്ടാണോ ഇതു ചെയ്തത്?" എന്നായിരുന്നു കമ്മറ്റിയിലെ പ്രധാനപ്പെട്ട ഒരു സഹോദരൻ ചോദിച്ചത്.
- അതു മാത്രമല്ല, SAI കേരള ഘടകം, "സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന" ഗേറ്റ് എത്രയും പെട്ടെന്നു നീക്കണമെന്ന് സഭക്ക് രേഖാമൂലം ശാസനയും നൽകി. എന്നാൽ സഭ ഈ ഭീഷണിക്കു മുൻപിൽ വഴങ്ങിയില്ല.
- ഇവരുടെ അടുത്ത പ്രശ്നം സഭാഹാളിന് മുൻപിലുള്ള ഗ്രൗണ്ടിൽ കാർ പാർക്കിംഗ് പാടില്ല. കാരണം ബഹുരസം. “കാറു കയറുമ്പോൾ ഗ്രൗണ്ട് കുഴിയും. അപ്പോൾ കൺവൻഷനിൽ അപ്പച്ചന്മാർ കസേരയിലിരിക്കുമ്പോൾ ഉറപ്പില്ലാതെ താഴെ വീണ് നടുവൊടിയും". (എന്നാൽ 3 ടൺ ഭാരം വഹിക്കുന്ന ലോറി പന്തൽസാധനങ്ങളുമായി മൈതാനത്തു പ്രവേശിക്കുന്നതിന് കുഴപ്പമില്ല!)
- ഇനിയും അടുത്ത ആവശ്യം "ഗ്രൗണ്ടിൽ കൺവൻഷൻ കമ്മറ്റിക്ക് ഓഫീസ് കെട്ടിടം പണിയണം!".
ഇത്തരം ബാലിശമായ അധികാരം കാണിക്കുന്നതിന് വേണ്ടിയുള്ള അനാവശ്യകാര്യങ്ങൾക്ക് കുമ്പനാട് സഭ എതിരുനിൽക്കുന്നത് ഇക്കൂട്ടർക്ക് പിടിച്ചില്ല.
- സഭയിലെ മൂപ്പന്മാരെയും, മറ്റു സഹോദരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചു കൊണ്ടുള്ള ഒരു ഊമക്കത്ത് സഭയുടെ പേരിലുള്ള പോസ്റ്റ് ബോക്സ് വഴിയായി ലഭിച്ചു. അവിശ്വാസികൾക്ക് പോലും യോഗ്യമല്ലാത്ത ഭാഷയിൽ നിത്യതയിൽ വിശ്രമിക്കുന്ന കർതൃദാസന്മാരെപോലും പേര് പറഞ്ഞ് ആക്ഷേപിച്ചു കൊണ്ടുള്ള കത്തയച്ചതിന് പിന്നിൽ ആരാണെന്നതിന് അല്പം തെളിവ് അറിയാതെ ശേഷിപ്പിച്ചിരുന്നെങ്കിലും വെളിപ്പെടുത്തുന്നില്ല.
- സഭാഹാളും മെസ്സ്ഹാളും പരിസരങ്ങളും മുൻ വർഷങ്ങളിലെപോലെ തന്നെ കൺവൻഷൻ ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുവാൻ കുമ്പനാട് സഭക്ക് യാതൊരു വൈമനസ്യവുംഇല്ലാതിരിക്കെ, അതു മനപൂർവ്വം ഒഴിവാക്കി BEM സ്കൂൾ കെട്ടിടങ്ങൾ അതിനു പകരം ഉപയോഗിക്കുവാനുള്ള സൗകര്യത്തിന് കൺവൻഷൻ തന്നെ ഒരാഴ്ച നേരത്തെ ക്രിസ്മസ് അവധിക്കാലത്തേക്ക് മാറ്റി. നമ്മുടെ പത്തനംതിട്ട കൺവൻഷൻ ഈ സമയത്തു നടക്കുന്നത് അവഗണിച്ച് കൺവൻഷൻ കമ്മറ്റി എടുത്ത ഈ തീരുമാനം കമ്മറ്റിയിലെ ചിലരുടെ ദുരഭിമാനം അല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അവസാനം, കുമ്പനാട് സഭയുടെ മെസ്സ്ഹാൾ പുനരുദ്ധാരണ പണികൾക്കെതിരെയായി ഇവരുടെ അടുത്ത നീക്കം. ദശാബ്ദങ്ങളായി നമ്മുടെയിടയിലുള്ള പൊതുവായ കൂടിവരവുകൾക്ക് പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്ന മെസ്സ്ഹാളിന് വേണ്ടി വസ്തു വിട്ടുതരണമെന്ന സഭയുടെ ആവശ്യം നിരസിച്ചു. അതേസമയം KEM ഫണ്ട് ആസ്ഥാന മന്ദിരത്തിന് സംഘടനാ ബലത്തിൽ വസ്തു തരപ്പെടുത്തിയെടുത്ത് നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഒരേ വ്യക്തികൾ പ്രമുഖ സ്ഥാനത്തിരിക്കുന്ന സ്റ്റിവാർഡ് അസ്സോസിയേഷനും(SAI) മറ്റ് സംഘടനകളും പ്രസ്ഥാനങ്ങളും ഒരിക്കലും സഭയുടെ ആവശ്യങ്ങൾക്ക് സഹകരിക്കില്ല എന്നു മനസ്സിലാക്കിയപ്പോൾ കുമ്പനാട് സഭ മെസ്സ്ഹാളിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പ്രാർത്ഥനയോടെ ആരംഭിച്ചു. തകർന്ന അവസ്ഥയിലായ പിറകുഭാഗം പൊളിച്ച് വസ്തു ലെവൽ ചെയ്യാൻ ആരംഭിച്ചപ്പോൾ SAI കേരള ഘടകം സഭക്കെതിരെ മണ്ണ് അനധികൃതമായി ഖനനം ചെയ്ത് കടത്തിക്കൊണ്ടു പോകുന്നുവെന്ന് RDOക്ക് വ്യാജ പരാതി കൊടുത്തു. എന്നാൽ സ്ഥലം പരിശോധിച്ച RDO, പരാതിയിൽ കഴമ്പില്ല എന്നു മനസ്സിലാക്കി.
പിന്നീട് സ്ഥലം നിരപ്പാക്കിയതിന് ശേഷം തുടർന്നുള്ള പണികൾക്കായി കുറ്റിയടിച്ച് കയർ കെട്ടി setout ചെയ്തു. എന്നാൽ അന്നു രാത്രി കയർ മുഴുവൻ ആരോ മുറിച്ചു കളഞ്ഞു. ആരാണെന്നതിന് തെളിവില്ല. സഭയിലെ യുവസഹോദരന്മാർ അവിടെ പല ദിവസങ്ങളിൽ കാവൽ കിടക്കേണ്ടി വന്നിട്ടുണ്ട്.
ദൈവകൃപയാൽ പണി അതിവേഗം പുരോഗമിച്ചു. എന്നാൽ അതിനോടൊപ്പം തന്നെ സംഘടനാ നേതാക്കന്മാരുടെ പ്രതിബന്ധങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. SAI കേരള ഘടകം അന്യന്റെ വസ്തുവിൽ അതിക്രമിച്ച് കുമ്പനാട് സഭ പണി നടത്തുന്നുവെന്നാരോപിച്ച് ഗ്രാമ പഞ്ചായത്ത്, District Town Planner, ജില്ലാ കളക്ടർ, സംസ്ഥാന പഞ്ചായത്ത് ഡയറക്ടറേറ്റ് മുതലായ സർക്കാർ അധികാരസ്ഥാനങ്ങളിൽ സഭക്കെതിരെ പരാതിയുമായി നിരന്തരം കയറിയിറങ്ങാൻ തുടങ്ങി. ഇവരുടെ നിരന്തരമായ സമ്മർദ്ദം മൂലം ഈ അധികാരസ്ഥാനങ്ങളിലുള്ള നാനാജാതി മതസ്ഥരായ ഉദ്യോഗസ്ഥന്മാർ സഭവക മെസ്സ്ഹാൾ പണിസ്ഥലം പല പ്രാവശ്യം സന്ദർശിച്ചെങ്കിലും അനധികൃതമായ ഒരു നിർമ്മാണ പ്രവർത്തനവും അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്നുള്ള പണികളുടെ ഭാഗമായി താഴത്തെ നിലയിലെ തറ മണ്ണിട്ട് നിരപ്പാക്കുന്നതിനു വേണ്ടി ലോറിയും JCBയും വടക്കുവശത്ത്കൂടി താഴോട്ട് ഇറങ്ങുന്നതിന് കുമ്പനാട് സഭ മതിൽ പണിയുവാൻ വേണ്ടി നിർമ്മിച്ച അടിത്തറയുടെ ഭാഗങ്ങൾ താൽക്കാലികമായി പൊളിക്കുന്നത് ആവശ്യമായി വന്നു. BEM സ്കൂളിലെ ഉത്തരവാദപ്പെട്ട സഹോദരൻ ഇതിനെ ചോദ്യം ചെയ്തപ്പോൾ, പിന്നീട് ഇതു കെട്ടും എന്നു വാക്കാൽ അറിയിച്ചു.
എന്നാൽ ഈ സംഭവത്തിന് ശേഷം ഏകദേശം ഒരു മാസം കഴിഞ്ഞ് ആദ്യഘട്ട പണികളുടെ അവസാന സമയത്തുണ്ടായ ഭയങ്കര മഴയിൽ താഴത്തെ നിലയിലേക്ക് മണ്ണൊലിച്ച് കയറിയതിനെത്തുടർന്ന് JCB ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ആ ഭാഗം വൃത്തിയാക്കാൻ ആരംഭിച്ചപ്പോൾ BEM സ്കൂളിലെ ഉത്തരവാദപ്പെട്ട സഹോദരൻ, സഭ സ്ഥലം കയ്യേറുന്നെന്ന് പോലീസിൽ വിളിച്ചു പരാതി കൊടുത്തതിനെ തുടർന്ന് പോലീസ് എത്തി JCB ഉപയോഗിച്ചുള്ള പണികൾ നിർത്തിവെക്കുവാൻ ആവശ്യപ്പെട്ടു. ഇവർ ചെയ്ത ഈ പ്രവൃത്തിയെ ന്യായീകരിക്കുവാൻ "ഞങ്ങൾ കേസ് കൊടുത്തില്ല, പരാതിയെ കൊടുത്തുള്ളൂ" മുതലായ സാങ്കേതിക പദങ്ങളുപയോഗിച്ച് നടത്തുന്ന ശ്രമം ഖേദകരമാണ്. 1 കൊരിന്ത്യർ 6-ൽ പറഞ്ഞിരിക്കുന്ന "വ്യവഹാരം" ഇതിൽ ഏതു വിഭാഗത്തിൽപ്പെടും?
പരാതികളൊന്നും ഫലിക്കാതെ വന്നപ്പോൾ വ്യാജ പൗരസമിതി സൃഷ്ടിച്ച് അതിന്റെ പേരിൽ സഭക്കെതിരായുള്ള ഊമക്കത്ത് സർക്കാർ മന്ത്രിതല, പോലീസ് ഡിപ്പാർട്ട്മെന്റുകളിലും എല്ലാ അച്ചടി, ദൃശ്യ മാദ്ധ്യമങ്ങൾക്കും അയച്ചു കൊടുക്കുകയും ചെയ്തു. അതും പോരാഞ്ഞ്, തൊഴിലാളി യൂണിയൻകാരെ ഇളക്കിവിട്ടു. അവർ കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കി സഭാഹാൾ പരിസരത്ത് വന്ന് പണിക്ക് തടസ്സം സൃഷ്ടിക്കുകയും, പണിക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പക്ഷെ പോലീസ് സമയോചിതമായി ഇടപെട്ട് ക്രമസമാധാനം നില നിർത്തുകയും അവരെ ഇനിമേൽ സഭയുടെ സ്ഥലത്ത് പ്രവേശിക്കരുതെന്നു താക്കീത് ചെയ്യുകയും ചെയ്തു. (യൂണിയൻകാർ പിന്നെ പറഞ്ഞു, "നിങ്ങളുടെ ആൾക്കാർ തന്നെയാണ് ഞങ്ങളെക്കൊണ്ട് ഇതു ചെയ്യിച്ചത്")
SAI ഉൾപ്പെടെയുള്ള സംഘടനാ നേതാക്കന്മാരോട് ഒരു വാക്ക്…
കമ്മറ്റിയംഗങ്ങളും പ്രസിഡണ്ടും സെക്രട്ടറിയുമൊക്കെ വല്ലപ്പോഴും വരും പോകും. എന്നാൽ കുമ്പനാട് സഭയിലെ വിശ്വാസികളാണ് അവിടെ സ്ഥിരമായി കർത്താവിനെ ആരാധിച്ച് മഹത്വപ്പെടുത്തിപ്പോരുന്നത്. അതുകൊണ്ട് സ്ഥലത്ത് സാക്ഷ്യം നഷ്ടപ്പെടുത്തുന്ന വിധത്തിൽ സഭക്കെതിരെയുള്ള പ്രവൃത്തികളിൽ നിന്നു പിന്മാറി, സഭയോട് സഹകരിച്ച് Steward "ഗൃഹവിചാരകൻ" എന്ന കടമ നിർവ്വഹിക്കുവാൻ ദയവായി അപേക്ഷിക്കുന്നു. മാത്രമല്ല,
- സഭക്കെതിരെ Collector, RDO, District Town Planner, Grama Panchayat, State Panchayat directorate, Police എന്നിവിടങ്ങളിൽ കൊടുത്ത “പരാതികൾ” പിൻവലിച്ച് ദൈവവചന പ്രകാരമുള്ള അനുരഞ്ജന ശ്രമങ്ങൾക്ക് സാഹചര്യം ഒരുക്കുക.
- ഡ്രോയിംഗിൽ ഉള്ളതുപോലെ മെസ്സ്ഹാളിന്റെ ഭാഗത്തെ അതിര് 34 മീറ്ററായി നിജപ്പെടുത്തി സഭയുടെ അവകാശത്തിലിരിക്കുന്ന സ്ഥലം കയ്യേറിയത് തിരികെ നൽകുക
- സ്കൂളിന്റെ നടത്തിപ്പിന് ആവശ്യമുള്ളതിലും അധികമായ സ്ഥലം നമ്മുടെയിടയിലുള്ള പൊതുവായ ആത്മീകപ്രവർത്തനങ്ങൾക്കുതകും വിധം സഭയുടെ നിലവിലുള്ള മെസ്സ്ഹാൾ വിപുലീകരണത്തിന് വില വാങ്ങാതെ കൈമാറുവാൻ തയ്യാറാവുക
“നിങ്ങളിൽ ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാര്യം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിന്നു പോകുവാൻ തുനിയുന്നുവോ? വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ? നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ഐഹികകാര്യങ്ങളെ എത്ര അധികം? എന്നാൽ നിങ്ങൾക്കു ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കിൽ വിധിപ്പാൻ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ? നിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ.” (1 കൊരിന്ത്യർ 6:1-6)
ഇത്രയൊക്കെ പ്രയാസങ്ങൾ നേരിട്ടെങ്കിലും കുമ്പനാട് സഭ സർക്കാർ തലത്തിൽ ഒരു പരാതിയും കൊടുക്കുവാൻ തയ്യാറായില്ല. ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിച്ച് ശ്രദ്ധയോടെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. അതേസമയം, സഭക്ക് നമ്മുടെ സഹോദര പ്രസ്ഥാനങ്ങളിൽ (SAI, BEMS etc..) നിന്നു ഔദ്യോഗികമായി ലഭിക്കുന്ന കത്തുകൾക്ക് രേഖാമൂലമുള്ള മറുപടി അതതു സമയങ്ങളിൽ കൊടുത്തിട്ടുണ്ട്. ഈ പ്രശ്നം പരിഹരിച്ച് ദൈവനാമം മഹത്വപ്പെടുവാനും ദേശത്ത് സാക്ഷ്യം നിലനിർത്തി പോരുവാനും ദൈവജനത്തിന്റെ വിലയേറിയ പ്രാർത്ഥന അപേക്ഷിക്കുന്നു.
* * *
ഇതോടുള്ള ബന്ധത്തിൽ “ചില യാഥാർത്ഥ്യങ്ങൾ” എന്ന പേരിൽ കുമ്പനാട് സഭക്ക് എതിരായി BEMS മാനേജ്മെന്റ് കൊടുത്തിരിക്കുന്ന ആരോപണങ്ങളും പ്രസ്താവനകളും ഓരോന്നായി പരിശോധിക്കാം.
1 - ആരോപണം : സ്കൂളിന്റെ പേർക്ക് സ്ഥലം വാങ്ങിച്ചു കൊടുക്കുവാൻ സഭ വിസമ്മതിച്ചു
സഭയുടെ കൈവശത്തിലിരുന്ന സ്ഥലം സ്കൂളിന്റെ ആവശ്യം വന്നപ്പോൾ സഭക്ക് യാതൊരു പ്രതിഫലവുമില്ലാതെയാണ് SAI ഇത് BEM സ്കൂളിന് കൈമാറിയത്. അങ്ങനെയിരിക്കെ പ്രസ്തുത സ്ഥലത്തിന്റെ ചെറിയൊരു ഭാഗം സഭയുടെ ആവശ്യത്തിനു വേണ്ടി വില കൊടുത്തു തിരികെ വാങ്ങുക എന്നത് അന്നും ഇന്നും സഭക്ക് അംഗീകരിക്കുവാൻ കഴിയുകയില്ല എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്.
2 – ആരോപണം: സ്കൂൾ വാർഷിക പരിപാടിക്ക് മെസ്സ്ഹാൾ അനുവദിക്കണമെന്ന ആവശ്യം സഭ നിരസിച്ചു.
കുമ്പനാട് സഭയുടെ മെസ്സ്ഹാൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി കാലാകാലങ്ങളിൽ നൽകിയിട്ടുണ്ട്. 1980-കളിൽ സ്കൂളിന്റെ ആരംഭകാലത്ത് അന്നുണ്ടായിരുന്ന ഷെഡ്ഡിന്റെ അപര്യാപ്തത മൂലം, സഭാഹാൾ തന്നെ സ്കൂളിന്റെ ആവശ്യത്തിനായി മഴക്കാലങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട് എന്നതും ഇതോടൊപ്പം പ്രസ്താവ്യമാണ്. കൂടാതെ സോദരീ സമാജം, ബാലസംഘം, കുമ്പനാട് കൺവൻഷൻ, വൈ.എം.ഇ.എഫ് മുതലായവ ദശാബ്ദങ്ങളായി ഈ സൗകര്യം ഉപയോഗിക്കുന്നതുമാണ്. എന്നാൽ മെസ്സ്ഹാൾ വിപുലീകരിക്കുമ്പോൾ "Triparty" ഉടമസ്ഥാവകാശം (SAI,BEMS,ASSEMBLY) വേണമെന്ന BEMSന്റെ ആവശ്യം സഭക്ക് സ്വീകാര്യമല്ലായിരുന്നു. ഈ വ്യവസ്ഥ വച്ചാൽ, ഭാവിയിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ (ഒരേ സമയം ആത്മിക പരിപാടിയും സ്കൂളിന്റെ പൊതുപരിപാടിയും, സ്കൂൾ കെട്ടിടങ്ങളുടെ ഉപയോഗം സംബന്ധിച്ചുള്ള സർക്കാർ നിയമങ്ങൾ മുതലായവ) പരിഗണിച്ച് ദീർഘവീക്ഷണത്തോടെ പിതാക്കന്മാർ എടുത്ത തീരുമാനത്തെയോർത്ത് ദൈവത്തെ സ്തുതിക്കുന്നു.
3 - ആരോപണം: സ്കൂളിന് സംഭാവന കൊടുക്കുവാൻ സഭ വിസമ്മതിച്ചു
BEMSന് 10 സെന്റ് അധികമായി വന്നു എന്നു കത്തിൽ സമ്മതിക്കുന്നുണ്ടല്ലോ. SAIൽ നിന്നു ശാശ്വതപാട്ടമായി ലഭിച്ച സ്ഥലത്തിൽ അധികമായി വന്ന 10 സെന്റ് SAIക്ക് മടക്കി നൽകുകയല്ലേ അനുകരണീയമായ മാതൃക?. എന്നാൽ BEMS കമ്മറ്റിയിലെ ചുമതലപ്പെട്ടവരും കെ.ഇ.എം.ഫണ്ട്(KEMF) കമ്മറ്റിയിലെ ചുമതലപ്പെട്ടവരും ഒന്നായതുകൊണ്ട് അധികം വന്ന 10 സെന്റിൽ 3 സെന്റ് SAIക്ക് തിരിച്ച് കൊടുത്തെന്നു വരുത്തി KEMF തരപ്പെടുത്തിയെടുത്തു. കത്തിൽ പറയുന്ന "ചെറിയ സംഭാവന" കൂടി വെളിപ്പെടുത്തേണ്ടിയിരുന്നു. (ഇങ്ങനെയൊരു സംഭാവന കൊടുത്തത് KEMF റിപ്പോർട്ടുകളിലൊന്നും പ്രസിദ്ധപ്പെടുത്തി കണ്ടില്ല.) "സംഭാവന" എന്നത്, കൊടുക്കുന്ന ആളിന്റെ കഴിവും താൽപര്യവും പോലെയാണ്. എന്നാൽ ഇവിടെ അങ്ങനെയല്ല, ഒരു വില നിശ്ചയിച്ച് ആവശ്യപ്പെടുകയായിരുന്നു. വില നൽകി വസ്തു മെസ്സ്ഹാളിന്റെ വിപുലീകരണത്തിന് ഉപയോഗിക്കുവാൻ സഭക്ക് താൽപര്യമില്ലായിരുന്നുവെങ്കിലും, ആവശ്യമെങ്കിൽ 3 ലക്ഷം രൂപ SAIക്ക് കൊടുക്കാമെന്ന് SAIയെ സഭ അറിയിച്ചിരുന്നതാണ്. "സഭക്ക് സ്ഥലം കൊടുക്കുകയില്ല എന്ന നിലപാട് കമ്മറ്റി എടുത്തിട്ടില്ല" എന്ന പ്രസ്താവനക്ക് വിരുദ്ധമായി, സ്കൂളിന്റെ വികസനത്തിന് സ്ഥലം ആവശ്യമായതിനാൽ സഭക്ക് നൽകാൻ നിവൃത്തിയില്ല എന്ന് സ്കൂൾ കമ്മറ്റി അറിയിച്ചതായി SAI രേഖാമൂലം സഭയെ അറിയിച്ചതാണ്.
4 - ആരോപണം: സ്കൂൾവക സ്ഥലം JCB ഉപയോഗിച്ച് കയ്യേറി
സഭയിലെ ഒരു സഹോദരൻ JCB ഉപയോഗിച്ച് മതിൽ പൊളിച്ചു എന്നും 140 അടി നീളം 8 അടി വീതി സ്ഥലം കയ്യേറി എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചല്ലോ. പ്രാരംഭമായി ഒരു കാര്യം വെളിപ്പെടുത്തിക്കൊള്ളട്ടെ. മെസ്സ്ഹാളിന്റെ പണിക്കായി സഭ 3 മൂപ്പന്മാരുടെ മേൽനോട്ടത്തിൽ 7 പേരടങ്ങുന്ന ഒരു കൺസ്ട്രക്ഷൻ കമ്മറ്റിയേയും 5 മൂപ്പന്മാരുടെ മേൽനോട്ടത്തിൽ 24 പേരടങ്ങുന്ന ഒരു ഫിനാൻസ് കമ്മറ്റിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിയെ പ്രത്യേകം ഒരു ചുമതലയും ഏൽപ്പിച്ചിട്ടില്ല. എല്ലാ പണികളും കമ്മറ്റി അലോചിച്ച് കൂട്ടായി എടുക്കുന്ന തീരുമാനപ്രകാരമാണ്. ഉത്തരവാദിത്തം കമ്മറ്റിക്കും ആത്യന്തികമായി സഭയ്ക്കുമാണ്. അതുകൊണ്ട് "ഒരു" സഹോദരനല്ല, "പല" സഹോദരന്മാരാണ് പണികൾക്ക് ചുമൽ കൊടുക്കുന്നത്. വാസ്തവത്തിൽ ഇവിടെ സംഭവിച്ച കാര്യം ആദ്യമെ പ്രതിപാദിച്ചിട്ടുണ്ടല്ലോ.
ഇനി അതിരിന്റെ കാര്യത്തിലേക്ക് വരാം. പ്രസ്തുത കോമ്പൗണ്ടിനുള്ളിലെ മറ്റു സ്ഥാപനങ്ങളായ ബൈബിൾ സ്കൂൾ, സ്റ്റീവാർഡ് ഹൗസ്, നോയൽ ഗസ്റ്റ് ഹൗസ് എന്നിവയ്ക്ക് BEM സ്കൂളുമായി വ്യക്തമായ അതിരില്ല. ഇതു പോലെ തന്നെയാണ് ഇപ്പോൾ സഭയുടെ അവകാശത്തിലുള്ള ഭാഗത്തിനും. എല്ലാം ഒന്നല്ലേ എന്ന ചിന്തയായിരുന്നു നമ്മുടെ പിതാക്കന്മാർക്ക്. കുമ്പനാട് സഭയിലെ സഹോദരന്മാരായിരുന്നു മെസ്സ്ഹാളിന്റെ ഭാഗത്തുള്ള പ്രസ്തുത കയ്യാല പണ്ട് കെട്ടിച്ചത്. BEMS സ്ഥാപിക്കുന്നതിലും അവർ അഹോരാത്രം പ്രയത്നിച്ചിരുന്നു. അവർ അന്നതു കെട്ടിച്ചത് അതിര് എന്ന നിലയിലല്ല. മറിച്ച് ഭൂപ്രകൃതിയുടെ കിടപ്പനുസരിച്ച് മണ്ണൊലിപ്പ് തടയുന്നതിന് ഈടി കെട്ടുന്ന രീതിയിലായിരുന്നു. സ്കൂളിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന 4 ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത് ഇതിന്റെ അടുത്ത് പണിത താൽക്കാലിക ഷെഡ്ഡിൽ ആയിരുന്നു. അന്ന് ആ കയ്യാല കെട്ടിച്ച ചില സഹോദരന്മാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സഭക്ക് ഇങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വരുമെന്നു അവർ അന്നു വിചാരിച്ചു കാണില്ല.
മെസ്സ്ഹാളിന്റെ വിപുലീകരണത്തിന് ഇനി സ്ഥലം കിട്ടുകയില്ലെന്ന് ഉറപ്പായപ്പോൾ, സഭ ആ ഭാഗത്ത് മതിൽ കെട്ടുവാൻ തീരുമാനിക്കുകയും SAI ജനറൽ സെക്രട്ടറി വന്ന് കുറ്റി സ്ഥാപിക്കുകയും ചെയ്തു. സഭ അത് ഉത്തമവിശ്വാസത്തിലെടുത്ത് മതിൽ കെട്ടുവാനുള്ള അടിത്തറ മാത്രം കെട്ടുകയും ചെയ്തു. എന്നാൽ പിന്നീട്, SAI അയച്ചുതന്ന ഡ്രോയിംഗ് യാദൃശ്ചികമായി പരിശോധിച്ചപ്പോൾ സഹോദരന്മാർ അത്ഭുതപ്പെട്ടുപോയി. സഭയുടെ സ്ഥലവും BEMSന്റെ സ്ഥലവും തമ്മിലുള്ള അതിര് ഡ്രോയിംഗിൽ വ്യക്തമായി 34മീറ്റർ എന്നു അടയാളപ്പെടുത്തിയിരിക്കുന്നു. ഈ ഡ്രോയിംഗ് കൈവശം ഉണ്ടായിരുന്ന SAI ജനറൽ സെക്രട്ടറിയും BEMS സെക്രട്ടറിയും ഉത്തമ വിശ്വാസത്തോടെയാണോ സഭയെ വഞ്ചിച്ച് സഭയുടെ കൈവശത്തിലുള്ള 2മീറ്റർ സ്ഥലം കയ്യേറി കുറ്റി വച്ചത്? ശരിയും തെറ്റും ദൈവജനം തീരുമാനിക്കട്ടെ. 2മീറ്റർ കയ്യേറി എന്നു മാത്രമല്ല KEMF അവിടെ കെട്ടിട നിർമ്മാണം നടത്തുകയുമാണ്.
![]() |
Copy of drawing with 34m measurement
|
പ്രസ്തുത ഡ്രോയിംഗിൽ മെസ്സ്ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ കിഴക്കുവശം 34 മീറ്റർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറുവശം അതേ അളവായതിനാൽ ആയിരിക്കാം രേഖപ്പെടുത്താതിരുന്നത്. എന്നാൽ പടിഞ്ഞാറുവശം 33.8 മീറ്റർ എന്ന് രേഖപ്പെടുത്തിയ വ്യത്യസ്തമായ ഒരു ഡ്രോയിംഗ് BEMS കമ്മറ്റിയിലെ ഒരു ഉത്തരവാദപ്പെട്ട സഹോദരന്റെ കൈവശം സഭയിലെ ചില സഹോദരന്മാർ കാണുകയുണ്ടായി. അവർ ഡ്രോയിംഗിന്റെ കോപ്പി ആവശ്യപ്പെട്ടെങ്കിലും കൊടുക്കാമെന്നു പറഞ്ഞതല്ലാതെ കൊടുത്തിട്ടില്ല.
പണ്ട് കെട്ടിയ കയ്യാല അതിരായി പരിഗണിക്കുകയാണെങ്കിൽ, പ്രസ്തുത 33.8 മീറ്ററിൽ 3.5 മീറ്റർ സഭവക സ്ഥലം BEMS കയ്യേറി വെട്ടുകല്ലുപയോഗിച്ച് കയ്യാല നിർമ്മിച്ചു എന്നു പറയേണ്ടി വരും. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പരമാവധി 3.5 മീറ്റർ വരെ 113 അടി നീളത്തിൽ സ്ഥലം അന്ന് BEMS കൈവശപ്പെടുത്തി. ഇതു മാത്രമല്ല സഭാഹാളിനോടു ചേർന്ന് വടക്കുവശത്തായി സ്ഥിതിചെയ്യുന്ന സ്ഥലവും BEMS കയ്യേറി സ്കൂളിലേക്ക് വഴിയായി ഇന്നും ഉപയോഗിച്ചു വരുന്നു. വാസ്തവം ഇതായിരിക്കെ കുമ്പനാട് സഭ സ്ഥലം കയ്യേറി എന്നു വരുത്തിത്തീർക്കാൻ നടത്തുന്ന ശ്രമം ഖേദകരമാണ്. മാത്രമല്ല മെസ്സ്ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വടക്കുവശം 113 അടി നീളമാണ്. അതിൽ ഏകദേശം 50 അടിയോളം KEMF ബിൽഡിംഗിന്റെ അതിരും ബാക്കി 63 അടി BEM സ്കൂളിന്റെ അതിരുമാണെന്നിരിക്കെ 140 അടി നീളം 8 അടി വീതി അതിര് തകർത്ത് കയ്യേറി എന്നു നിർലജ്ജം എഴുതിയ രാജു.കെ.തോമസ് സഹോദരനും ബ്രിഗേ(റിട്ട) റ്റി.വർഗീസ് സഹോദരനും ദൈവജനത്തോട് മാപ്പ് പറയണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. BEMSന്റെ കത്തിലെ പോയിന്റ് 13 (വ്യാജ പ്രസ്താവനകൾ നടത്തരുത്) എല്ലാവർക്കും ബാധകമാണല്ലൊ.
ഇത്തരുണത്തിൽ KEMF ബിൽഡിംഗിനെപ്പറ്റി കൂടി ചില കാര്യങ്ങൾ പ്രസ്താവിച്ചുകൊള്ളട്ടെ. KEMFന് ഒരു സ്ഥിരം ഓഫീസ് കെട്ടിടം ആവശ്യമാണെന്നു ആരും കരുതുന്നില്ല. ഇപ്പോൾ തന്നെ ഈ പരിമിതമായ സ്ഥലത്ത് സഭാഹാൾ, മെസ്സ്ഹാൾ, ബൈബിൾ സ്കൂൾ, നോയൽ ഗസ്റ്റ് ഹൗസ്, BEM സ്കൂൾ, സ്റ്റിവാർഡ് ഹൗസ് എന്നിവയുണ്ട്. കഴിഞ്ഞ അനേക പതിറ്റാണ്ടുകളായി വിവിധ സ്ഥലങ്ങളിലുള്ള ദൈവമക്കൾ KEMF സെക്രട്ടറിമാരായി സ്ഥിരം ഓഫീസ് കൂടാതെ പ്രവർത്തിച്ചിട്ടുണ്ട്. സെക്രട്ടറിമാർ മാറിമാറി വരുമ്പോൾ കുമ്പനാട്ടുള്ള ഓഫീസ് അവർക്കു വിദൂരവും, ബുദ്ധിമുട്ടും ആയിയെന്നും വരാം. KEMF ബിൽഡിംഗിന് പഞ്ചായത്തിൽ നിന്നും NOC വാങ്ങിയത് തെറ്റായ വിവരം നൽകിയാണ്. SAI കേരള കമ്മറ്റിക്ക് ഏതാനും മീറ്ററുകൾക്കകലെ മനോഹരമായ ഇരുനില കെട്ടിടം ഉണ്ടായിരിക്കെ, പിന്നെയും SAI “കമ്മറ്റി ഓഫീസ്" എന്ന പേരിലാണ് NOC സമ്പാദിച്ചത്. എന്തായാലും ഈ പ്രസ്താവനക്ക് ഇപ്പോൾ പ്രസക്തിയില്ല. പണി കഴിയാറായി. സൂചിപ്പിച്ചു എന്നു മാത്രമേയുള്ളൂ.
![]() |
| Application for KEMF Building Sanction |
5 - ആരോപണം: സഭ അനുരഞ്ജനത്തിന് തയ്യാറായില്ല
അനുരഞ്ജന കമ്മറ്റിയുടെ ശ്രമം വിഫലമായ സാഹചര്യം കമ്മറ്റി തന്നെ വിശദീകരിച്ചെങ്കിൽ എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. കടന്നുവന്ന പ്രതിനിധികൾ BEMSലെ ഉത്തരവാദപ്പെട്ടവർ കൊടുത്തയച്ച ഡ്രോയിംഗുമായിട്ടാണ് വന്നത്. ആ ഡ്രോയിംഗിന്റെ ശരിപകർപ്പും അവർക്കു ലഭിച്ച കോപ്പിയും തമ്മിൽ ഒത്തു നോക്കിയപ്പോൾ അതിൽ കളവായി എഴുതിച്ചേർത്ത അളവുകണ്ട് ഏവരും അത്ഭുതപ്പെട്ട് പോയി. അവരുടെ സന്ദർശന ഉദ്ദേശ്യം സഭയുടെ താല്പര്യവും ആവശ്യവും മനസ്സിലാക്കി BEMS കമ്മറ്റിയെ അറിയിക്കുക എന്നതാണെന്നും ഒരു തീരുമാനവും എടുക്കുവാൻ തങ്ങൾക്കു കഴിയില്ലെന്നും ആമുഖമായിത്തന്നെ അവർ അറിയിച്ചു. അതുപ്രകാരം സഭയുടെ ആവശ്യവും നിലപാടും പ്രതിനിധികളെ അറിയിക്കുകയും പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ എഴുതി നൽകുകയും ചെയ്തു. അതിന് ഒരു മറുപടി നൽകാൻ പോലും തയ്യാറാകാതിരുന്ന BEMS ശ്രമം പരാജയപ്പെട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതാണ്. മാത്രമല്ല, അന്നു വന്നതിൽ ചിലർ ഇപ്പോൾ സ്കൂൾ കമ്മറ്റിയിൽ ഇല്ല. അവർക്ക് കുമ്പനാട് സഭയോടുള്ള BEMSലെ ഉത്തരവാദപ്പെട്ടവരുടെ നിലപാടുകളോട് വിയോജിപ്പാണെന്നു വേണം കരുതേണ്ടത്.
6 - ആരോപണം: നിയമനടപടികൾ എടുക്കേണ്ടിവരുമെന്ന് സഭയെ രേഖാമൂലം അറിയിച്ചിരുന്നു
BEMS കമ്മറ്റിയിലെ ഉത്തരവാദപ്പെട്ടവർ എഴുതിയ കത്ത് 2013 ഒക്ടോബർ 22ന് സ്കൂളിലെ ജീവനക്കാരിവശം കൊടുത്തയക്കുകയും അവരത് ബൈബിൾ സ്കൂളിന്റെയും കൂടി ചുമതലയുള്ള സഭയിലെ ചുമതലപ്പെട്ട ഒരു സഹോദരന്റെ ഓഫീസ് വാതിലിനിടയിലൂടെ തള്ളിയിടുകയും ചെയ്തു. അന്നേ ദിവസം തന്നെയാണ് BEMSലെ ഉത്തരവാദപ്പെട്ട സഹോദരന്മാരുടെ പരാതി പോലീസ് സ്റ്റേഷനിൽ(സർക്കിൾ ഓഫീസ്) എത്തിയത്. എന്നാൽ കത്തിന്റെ തീയതി രേഖപ്പെടുത്തിയിരുന്നത് 2013 ഒക്ടോബർ 14 ആയിരുന്നു! പരാതി കൊടുക്കുന്നതിന് മുൻപ് സഭയുടെ ചുമതലപ്പെട്ടവരുമായി ഒന്നു ബന്ധപ്പെട്ടിരുന്നെങ്കിൽ, JCB എന്താവശ്യത്തിനാണ് അവിടെ പ്രവർത്തിക്കുന്നതെന്നെങ്കിലും മനസ്സിലാക്കാമാ യിരുന്നു. പക്ഷെ ഉദ്ദേശ്യം അതല്ലല്ലോ! സഭയിലെ ഏതെങ്കിലും ചുമതലപ്പെട്ട സഹോദരന്റെ കൈവശം നേരിട്ട് പ്രസ്തുത കത്ത് കൊടുക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് BEMS കമ്മറ്റി തന്നെ വിശദീകരിക്കട്ടെ.
7 - ആരോപണം: സഭ അനുരഞ്ജന ശ്രമങ്ങൾ നിരാകരിച്ചു
ദൈവവചന അടിസ്ഥാനത്തിലുള്ള അനുരഞ്ജന ശ്രമങ്ങൾക്ക് സഭ അന്നും ഇന്നും സന്നദ്ധമാണ്. അപ്രകാരമുള്ള ഏതെങ്കിലും ശ്രമങ്ങൾ സഭ നിരാകരിച്ചതായി ഞങ്ങൾക്ക് അറിവില്ല. അനുരഞ്ജനമെന്നാൽ BEMS കമ്മറ്റി പറയുന്നത് സഭ അതേപടി അംഗീകരിക്കുന്നതാണോ? വിട്ടുവീഴ്ചയോടും സ്നേഹത്തോടും ഇരുകൂട്ടരും ചേർന്ന് എടുക്കുന്ന തീരുമാനമല്ലേ അനുരഞ്ജനം? (Refer Point 5)
8 - ആരോപണം: സഭക്കെതിരെ കേസ് കൊടുത്തിട്ടില്ല; പരാതി മാത്രമേയുള്ളൂ.
പോലീസിനു നൽകുന്ന കേവലപരാതിയും കേസും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്ന് ഓർമ്മിപ്പിച്ചിട്ടുണ്ടല്ലോ? 'പരാതിയും', 'കേവലപരാതിയും', 'കേസും' കൊടുത്തും നടത്തിയും പരിചയസമ്പന്നരായ ബഹുമാനപ്പെട്ട സഹോദരന്മാർ തന്നെ അതു വിശദമാക്കിയിരുന്നെങ്കിൽ എന്നാശിക്കുന്നു. പോലീസ് സ്റ്റേഷനിൽ നടന്ന സംഭവവും ചുരുക്കത്തിൽ വെളിപ്പെടുത്തേണ്ടത് ആവശ്യമെന്ന് തോന്നുന്നു. സി.ഐ യുടെ മുൻപിൽ സഭയുടെ മെസ്സ്ഹാൾ പണി നിർത്തിവക്കണം എന്നായിരുന്നു BEMSലെ ഉത്തരവാദപ്പെട്ടവരുടെ ആവശ്യം. മതിലും അതിരുമൊന്നും ആയിരുന്നില്ല അവരുടെ പ്രശ്നം. എന്നാൽ പരാതി കൊടുത്തത് അതിരു പ്രശ്നമായതിനാൽ അത് പരിഹരിക്കാനുള്ള നിർദ്ദേശം മാത്രമേ സി.ഐ വച്ചുള്ളൂ. ഇവിടെയും മെസ്സ്ഹാൾ പണി തടയാനുള്ള ഇക്കൂട്ടരുടെ നീക്കം ഫലം കണ്ടില്ല. പോലീസിന്റെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനം അംഗീകരിക്കുമ്പോൾ പരാതി എങ്ങനെ ഇല്ലാതാകും? അതിലെ ആവശ്യങ്ങൾ ഇല്ലാതായി എന്നുവരാം. സഭാമൂപ്പന്മാർ പോലീസ് സ്റ്റേഷനിൽ കയറേണ്ടതു മൂലമുണ്ടായ മാനസികവ്യഥയും ലോകത്തിന്റെ മുൻപിലുണ്ടായ മോശം സാക്ഷ്യവും, ദൈവവചനത്തെ അവഗണിച്ചു എന്ന കഠിനപാപവും ഇല്ലാതാകുന്നില്ല. പോലീസിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്തപ്പോൾ സഭവക മെസ്സ്ഹാളിന്റെ സ്ഥലവും BEMS സ്ഥലവും തമ്മിൽ വ്യക്തമായി അതിരു കാണിക്കുന്ന ഒരു രേഖയും ഇല്ലാതിരുന്നതുകൊണ്ട് BEMSന്റെ കൈവശം ഇരിക്കുന്ന സ്ഥലം അളന്ന് അതിരു നിർണ്ണയിക്കുവാൻ തീരുമാനിച്ചല്ലോ. നാളിതുവരെ അതു സംബന്ധിച്ച് എന്തു നടപടി ഉണ്ടായി എന്നറിയുവാൻ ദൈവജനത്തിനു താല്പര്യമുണ്ട്.
9 - ആരോപണം: സ്കൂൾ മാനേജ്മെന്റ് യാതൊരു കേസും സഭക്കെതിരെ കൊടുത്തിട്ടില്ല
സഭയുടെ പേരിലോ, മൂപ്പന്മാരുടെ പേരിലോ സ്കൂൾ മാനേജ്മെന്റ് കേസ് കൊടുത്തില്ല എന്ന പ്രസ്താവന കണ്ടു. BEM സ്കൂൾ കമ്മറ്റിയിലെ ഉത്തരവാദപ്പെട്ട അംഗവും SAI കേരള ചെയർമാനുമായ സഹോദരനും SAI സെക്രട്ടറിയും മറ്റുള്ളവരും ചേർന്ന് കളക്ടർക്കും(District Magistrate) RDO (Executive Magistrate)ക്കും കൊടുത്ത “പരാതി”കളും, District Town Planner, ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ കൊടുത്ത “പരാതി” കളും, BEM സ്കൂൾ മാനേജ്മെന്റ് പോലീസിൽ കൊടുത്ത "പരാതി"യുമാവാം ഇങ്ങനെ ഒരു വാർത്ത പ്രചരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം. BEM സ്കൂൾ മാനേജ്മെന്റ് സഭക്കെതിരെ കോടതിയിൽ “കേസ്” കൊടുത്തു എന്ന് സഭയിലെ മൂപ്പന്മാരോ, മറ്റു സഹോദരന്മാരോ ആരോടെങ്കിലും പ്രസ്താവിച്ചതായി അറിവില്ല.
10 – പ്രസ്താവന: സ്കൂളിന് ക്ലിപ്തമായ സ്ഥലവിസ്തൃതി ആവശ്യമുണ്ട്
സ്കൂൾ പ്രവർത്തനത്തിന് ക്ലിപ്തമായ സ്ഥലവിസ്തൃതി ആവശ്യമുണ്ടല്ലോ? അത് എത്ര? അവ്യക്തമായി പ്രസ്താവന ചെയ്യാതെ വ്യക്തമാക്കുന്നതല്ലേ നല്ലത്. ഞങ്ങളുടെ പരിമിതമായ അറിവിൽ സ്കൂൾ പ്രവർത്തനത്തിനു വേണ്ടത് 3 ഏക്കറും BEMSന്റെ കൈവശമുള്ളത് ദൈവമക്കളുടെ സംഭാവന കൊണ്ട് പിന്നീട് വാങ്ങിച്ച ഒരു ഏക്കർ സ്ഥലം ഉൾപ്പെടെ 3.32 ഏക്കറുമാണ്. KEMFന് കൊടുത്ത 3 സെന്റ് ഒഴിച്ച് 29 സെന്റ് സ്ഥലം അധികമായി കൈവശം ഉണ്ടായിട്ടും സഭയുടെ കയ്യേറിയ സ്ഥലം മടക്കിക്കൊടുത്തുകൂടെ? സ്ഥലം സഭയിലെ ദൈവമക്കൾക്കും നമ്മുടെയിടയിലുള്ള മറ്റു പ്രവർത്തനങ്ങൾക്കും ദശാബ്ദങ്ങളായി പ്രയോജനപ്പെടുന്ന മെസ്സ് ഹാളിന്റെ വിപുലീകരണത്തിന് ഉതകട്ടെ. ദാനമായി ലഭിച്ച സ്ഥലം "സംഭാവന" എന്ന ഓമനപ്പേരിൽ വിലയ്ക്ക് വിൽക്കുവാനുള്ള ശ്രമം ഉപേക്ഷിച്ചുകൂടെ?
11 – പ്രസ്താവന: കൺവൻഷനിൽ പ്രസംഗകർ പ്രയാസം കൂടാതെ ശുശ്രൂഷ ചെയ്തു
111-മത് കൺവൻഷനിൽ പ്രസംഗിക്കുവാൻ പ്രസംഗകർക്ക് പ്രയാസമുണ്ടെന്നും പ്രശ്നം പരിഹരിക്കുവാൻ അവർ മുൻകൈ എടുത്ത് ഒരു ചർച്ച വച്ചു എന്നുള്ളതും ഏവർക്കും അറിവുള്ളതാണല്ലോ. ഒന്നിച്ചുകൂടി പ്രശ്നം ചർച്ച ചെയ്യുന്നതിനു പകരം, വേറെ വേറെ സ്ഥലങ്ങളിൽ കൂടിവന്ന് ചർച്ച നടത്തി (സ്റ്റിവാർഡ് ഹൗസിലും, സഭാഹാളിലും). പ്രശ്നത്തിന് പരിഹാരമായില്ലെങ്കിലും സഹോദരന്മാരെന്ന നിലയിൽ ഒന്നിച്ചുകൂടി പ്രാർത്ഥിച്ചു പിരിയാം എന്ന് സഭയിലെ മൂപ്പന്മാർ ആവശ്യപ്പെട്ടെങ്കിലും 'അതിന് സമയമായില്ല' എന്നു പറഞ്ഞ് പിരിയുകയാണുണ്ടായത്. പ്രസംഗിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞെങ്കിൽ അതും, പ്രസംഗിക്കാൻ ഉണ്ടായിരുന്ന ബുദ്ധിമുട്ടു മാറി എന്നു പറഞ്ഞെങ്കിൽ അതും പ്രസംഗകരാണ്. കുമ്പനാട് സഭക്ക് അവർ പ്രസംഗിക്കുന്നതിന് ഒരു വിരോധവുമില്ലെന്നാണ് അറിയിച്ചത്. ആ വിഷയത്തിൽ ഇനി എന്തെങ്കിലും പറയാൻ ഞങ്ങൾ ഒരുക്കമല്ല. ഒന്നിച്ചുകൂടി പ്രാർത്ഥിക്കുവാൻ വിസമ്മതിച്ചവരുമായും, സഭക്കെതിരെ പരാതി കൊടുത്തവരുമായും കൺവൻഷൻവേദി പങ്കിടുവാനോ, ഒന്നിച്ചു തിരുവത്താഴം എടുക്കുവാനോ സഭയിലെ ചുമതലപ്പെട്ട സഹോദരന്മാർക്ക് കഴിയില്ലല്ലോ.
12 – പ്രസ്താവന: അഞ്ച് സെന്റ് സ്ഥലം വ്യവസ്ഥകളോടെ തരാം
അഞ്ച് സെന്റ് സ്ഥലം സഭയുടെ ആവശ്യത്തിലേക്ക് വ്യവസ്ഥകൾക്ക് വിധേയമായി നൽകാൻ തീരുമാനിച്ചല്ലോ? വ്യവസ്ഥകൾ എന്താണെന്നുകൂടി വെളിപ്പെടുത്താമായിരുന്നു. ആരംഭത്തിൽ 10 സെന്റ് നൽകാമെന്നു പറഞ്ഞ BEMS അത് 7 സെന്റും ഇപ്പോൾ 5 സെന്റും ആയി നിശ്ചയിക്കാനുണ്ടായ കാരണവും അജ്ഞാതമാണ്. അതും "സംഭാവന"യുമായി ബന്ധപ്പെട്ട തായിരിക്കാം.
13 – പ്രസ്താവന: നിയമനടപടി സ്വീകരിക്കും
“രാജ്യത്തെ നിയമങ്ങളും സൈബർവ്യവസ്ഥകളും”, അതിനോടുകൂടി “ദൈവവചന”ത്തിലെ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ചു മുൻപോട്ടു പോകുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
14 – പ്രസ്താവന: രേഖാമൂലമുള്ള തെളിവുകൾ ആർക്കും പരിശോധിക്കാം
രേഖകളും, ഡ്രോയിംഗുകളും "തിരുത്തി" രേഖാ മൂലമുള്ള തെളിവുകളുണ്ടാക്കുന്നതിലും ഉപരി (refer Point 5) ശരിയായിട്ടുള്ള രേഖകൾ പ്രകാരം പ്രശ്നങ്ങൾ പരിഹരിക്കുന്നതല്ലേ ഉചിതം?
പ്രിയ ദൈവമക്കളെ, ഈ പ്രശ്നം പരിഹരിക്കുവാൻ ആരുടെ ഭാഗത്തു നിന്നും “ദൈവവചന” പ്രകാരമുള്ള ഏതു ശ്രമവും കുമ്പനാട് സഭ സ്വാഗതം ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
Youths of Brethren Assembly, Kumbanad
Email: brethrenkumbanad@gmail.com



